Pages

"it is He Who created from a single person, and made his mate of like nature in order that he might dwell with her – in love" Al-Qur'an 7:189

06 December 2010

തട്ടം ഊരിയാല്‍ തീവ്രവാദം ഇല്ലാതാകില്ല

ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാണ് മാധ്യമങ്ങള്‍. സമൂഹത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകം കൂടിയാണത്. ലെജിസ്ലേച്ചറിനെയും എക്‌സിക്യൂട്ടിവിനെയും ഒരു പരിധി വരെ ജുഡീഷ്യറിയെയും വിമര്‍ശിക്കാന്‍ ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണു നാം അവകാശപ്പെടാറുള്ളത്. പലപ്പോഴും ജനാധിപത്യവ്യവസ്ഥയിലെ ശക്തമായ തിരുത്തല്‍ശക്തിയായി നിലകൊള്ളുന്നതും മാധ്യമങ്ങള്‍ തന്നെ. ബാബരിമസ്ജിദിന്റെ വിഷയത്തില്‍ ഈയിടെ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരഗാന്ധി മാധ്യമങ്ങള്‍ക്ക് മൂക്ക്കയറിട്ട അഭിശപ്തമായ അനുഭവം ഒഴിച്ചുനിര്‍ത്തിയാല്‍ ഏഷ്യയിലെ മറ്റേതു രാഷ്ട്രത്തേക്കാളും ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട പാരമ്പര്യമാണുള്ളത്.

മീഡിയ ആക്ടിവിസം, രാഷ്ട്രീയവ്യവസ്ഥയെ അഴിമതിയില്‍നിന്നും സ്വജന പക്ഷപാതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ വലിയ സംഭാവന അര്‍പ്പിക്കുന്നുണ്ട്. ബോഫോഴ്‌സ് കുംഭകോണം മുതല്‍ സ്‌പെക്ട്രം അഴിമതിവരെ പുറത്ത് കൊണ്ടുവന്നതിനു പിന്നില്‍ മാധ്യമങ്ങള്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. രാജ്യത്തെ വര്‍ഗീയ ഫാഷിസ്റ്റ് സംഘടനകളുടെ നിഗൂഢ പദ്ധതികള്‍ ചുരുളഴിക്കുന്നതിലും സുപ്രധാനപങ്ക് അടുത്ത കാലത്തായി മാധ്യമങ്ങള്‍ വഹിക്കുകയുണ്ടായി. ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിന്നിലെ ഔദ്യോഗിക ഇടപെടല്‍,ഹിന്ദു പുണ്യകേന്ദ്രങ്ങളില്‍ സംഘ്പരിവാര്‍ നടത്തിയ ഓപറേഷനുകള്‍, കര്‍ണാടകയില്‍ മുത്തലിക് പണം വാങ്ങി വര്‍ഗീയ കലാപം നടത്തികൊടുക്കാറുണ്ടെന്നു വെളിപ്പെടുത്തിയത് തുടങ്ങിയ സമീപകാലത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നത് മീഡിയയാണ്. പുതിയ വിവരാവകാശ നിയമം മീഡിയ ആക്ടിവിസത്തെ ത്വരിതപ്പെടുത്തുകയുമുണ്ടായി.

പാര്‍ലമെന്റിനെയും പരമോന്നത കോടതിയെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് പൊലീസിനെയും അന്വേഷണവിഭാഗത്തെയും മാധ്യമങ്ങള്‍ പേടിക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ്, ഐ.പി.സിയിലെ 506 വകുപ്പ് പ്രകാരം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ. ഷാഹിന എന്ന മാധ്യമപ്രവര്‍ത്തകക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം സൂചിപ്പിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനിയെ കുടകില്‍വെച്ച് കണ്ടു എന്ന് കര്‍ണാടക പൊലീസ് അവകാശപ്പെടുന്ന സാക്ഷികളില്‍ രണ്ട് പേരുമായി സംസാരിച്ച് വാര്‍ത്ത തയാറാക്കിയതാണ് ഷാഹിന ചെയ്ത കുറ്റം. മഅ്ദനിയെ കണ്ടു എന്ന് പൊലീസിനു മൊഴി നല്‍കിയതായി പറയുന്ന കെ.കെ. യോഗാനന്ദ്, റഫീഖ് ബാപ്പട്ടി എന്നിവരെ ഇന്റര്‍വ്യൂ ചെയ്ത ഷാഹിന, പൊലീസ് നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവര്‍ കണ്ടെന്നു സമ്മതിച്ചതെന്ന് 'തെഹല്‍ക'യുടെ ഡിസംബര്‍ അഞ്ചിന്റെ ലക്കത്തില്‍ എഴുതി. ഇന്റര്‍വ്യൂസമയത്ത് സ്ഥലത്തെത്തിയ സി ഐ, ഷാഹിന തീവ്രവാദിയാണെന്ന് സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഇപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു.

ഇന്ത്യയിലെ മീഡിയ ആക്ടിവിസത്തിന്റെ ചരിത്രത്തില്‍ സ്‌ഫോടനം സൃഷ്ടിച്ച മാധ്യമമാണ് 'തെഹല്‍ക'. സുപ്രീം കോടതി ന്യായാധിപര്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെയുള്ള വന്‍സ്രാവുകളുടെ രഹസ്യം ചോര്‍ത്തിയപ്പോഴൊന്നുമുണ്ടാകാത്ത അനുഭവംഅവര്‍ക്ക് കര്‍ണാടക പൊലീസില്‍ നിന്നുണ്ടായി എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കൊക്കെ മേലെയാണ് പൊലീസും ഇന്റലിജന്‍സും എന്നല്ലേ അര്‍ഥം?

'രാജ്യസുരക്ഷ'യെക്കുറിച്ച അനാവശ്യ ആധികള്‍ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. പൗരാവകാശങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സായി സുരക്ഷയെക്കുറിച്ചുള്ള ഭയപ്പെടുത്തല്‍ മാറിയിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും ആസ്‌ട്രേലിയയിലും ഉടുതുണി അഴിച്ചുമാറ്റാന്‍ സുരക്ഷാ നിയമങ്ങളാണ് പ്രയോഗിക്കുന്നത്. മാധ്യമ ആവിഷ്‌കാര സ്വാതന്ത്ര്യവും ഇപ്പോള്‍ ഇതാ സുരക്ഷാ നടപടിയുടെ മറവില്‍ കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. കശ്മീരിലെ പ്രത്യേക സൈനികനിയമം പിന്‍വലിക്കാതിരിക്കാന്‍ പ്രതിരോധമന്ത്രി ഉന്നയിച്ച കാരണം അത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തും എന്നതായിരുന്നുവല്ലോ.

വെറും മാധ്യമപ്രവര്‍ത്തക എന്ന മേല്‍വിലാസമാണ് ഷാഹിനക്കെതിരെ കേസെടുക്കാനുള്ള പ്രേരണ എന്ന് കരുതാനാവില്ല. മഅ്ദനി അറസ്റ്റ് ഉള്‍പ്പെടെ അടുത്ത കാലത്തായി കര്‍ണാടക പൊലീസിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനാവില്ല. ഷാഹിന എന്ന പേരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മതവും അവര്‍ സംശയിക്കപ്പെടുന്നതിനു മതിയായ കാരണമാണ്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഷാഹിനയുടെ ഉദ്ദേശ്യശുദ്ധിയെ റദ്ദാക്കുന്നതാണ് ആ പേര്‍. ഷാഹിന ഒരുപക്ഷേ, ശ്യാമള ആയിരുന്നെങ്കില്‍ ഐ പി സി 506ല്‍ നിന്ന് രക്ഷപ്പെട്ടേനെ! ഇനി, ഷാഹിന തന്നെ മഅ്ദനിക്ക് പകരം വല്ല മാവോവാദിയുടെ കേസിലായിരുന്നു ഇടപെട്ടതെങ്കിലും തീവ്രവാദിയായി സംശയിക്കപ്പെടുമെന്നു കരുതാന്‍ ന്യായം കാണുന്നില്ല.

മത ചിഹ്‌നങ്ങളെല്ലാം ഊരിമാറ്റിയ ഷാഹിനക്ക് ഇത് പുതിയ അനുഭവമല്ല. ന്യൂസ് ഡെസ്‌കിലും എയര്‍പോര്‍ട്ടിലും തന്റെ പേര്‍ ഒഴിവാക്കാനാകാത്ത ഭാരമായി മാറിയെന്നു മുമ്പ് അവര്‍ എഴുതിയിട്ടുണ്ട്. ശബാന ആസ്മിക്കും സല്‍മാന്‍ ഖാനും മുംബൈയില്‍ ഫ്‌ളാറ്റ് നിഷേധിക്കപ്പെടാനുണ്ടായ കാരണം തങ്ങളുടെ പേരിന്റെ ഭാരം തന്നെയായിരുന്നല്ലോ. പര്‍ദയിട്ട ഒരു ഷാഹിനയായിരുന്നു തെഹല്‍ക റിപ്പോര്‍ട്ടറായി ചെന്നിരുന്നതെങ്കില്‍ എന്ന് വെറുതെ സങ്കല്‍പിച്ചു നോക്കൂ. കര്‍ണാടക പൊലീസിനു അവരെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനു കൈമാറാന്‍ ഒരു ചോദ്യം ചെയ്യലിന്റെ കൂടി ആവശ്യമുണ്ടാകുമായിരുന്നില്ല!

കടപ്പാട്:മുജീബുറഹ്മാന്‍ കിനാലൂര്‍

26 October 2010

കശ്മീരികള്‍ എന്നും പറയുന്നതാണ് ഞാന്‍ പറഞ്ഞത്: അരുന്ധതി

ശ്രീനഗര്‍: കശ്മീരിലെ ലക്ഷകണക്കിന് ജനങ്ങള്‍ ദിവസവും പറയുന്നതും നിരവധി നിരീക്ഷകര്‍ വര്‍ഷങ്ങളായി എഴുതുകയും ചെയ്ത കാര്യമാണ് താന്‍ പറഞ്ഞതെന്ന് എഴുത്തുകാരി അരുന്ധതി റോയി. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്ന അരുന്ധതിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് അവര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ അരുന്ധതിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുമെന്ന് ദേശീയ മാധ്യങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

താന്‍ നീതിക്കു വേണ്ടയാണ് ആഹ്വനം ചെയ്തതെന്ന് എന്റെ പ്രസംഗം വായിച്ചാല്‍ മനസ്സിലാകും. ലോകത്തെ ഏറ്റവും ക്രൂരമായ സൈനിക അധിനിവേശമാണ് ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ നടത്തുന്നത്. അതിനു കീഴില്‍ കഴിയേണ്ടി വരുന്ന കശ്മീര്‍ ജനതക്ക് നീതി ലഭിക്കാനാണ് താന്‍ ശബ്ദം ഉയര്‍ത്തിയത്.

മാതൃരാജ്യത്തു നിന്ന് പുറംതളളപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്കും കൊല്ലപ്പെട്ട ദളിത് സൈനികര്‍ക്കും ഈ അധിനിവേശത്തിന് വലിയ വില നല്‍കേണ്ടിവരുന്ന പാവപ്പെട്ട ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. കശ്മീര്‍ പൊലീസ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അരുന്ധതി ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ഞാന്‍ ഷോപിയാന്‍ സന്ദര്‍ശിച്ചു. നിലോഫറും ആയിശയും ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആപ്പിള്‍ നഗരം. നിലോഫറിന്റെ ഭര്‍ത്താവുമായും ആയിശയുടെ സഹോദരനുമായും സംസാരിച്ചു. ഇന്ത്യയില്‍ നിന്നും നീതി കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. അവര്‍ക്കു വേണ്ടത് സ്വാതന്ത്ര്യമാണ്.

താന്‍ ശത്രുത പ്രചരിപ്പിക്കുകയാണെന്ന് ചിലര്‍ എഴുതി. ജനങ്ങള്‍ കൊല്ലപ്പെടണമെന്നും ബലാല്‍സംഗം ചെയ്യപ്പെടണമെന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ച് അവരെ തടവിലാക്കി നഖം പിഴുത് ഇന്ത്യക്കാരനാണെന്ന് പറയിപ്പിക്കരുതെന്നെ ഞാന്‍ പറഞ്ഞുള്ളു. നീതി നിലനില്‍ക്കുന്ന സമൂഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സത്യം പറയുന്ന എഴുത്തുകാരെ നിശബ്ദരാക്കുന്ന, നീതി ചോദിക്കുന്നവരെ ജയിലടക്കുന്ന, കൊള്ളക്കാരെയും ബലാല്‍സംഗക്കാരെയും, കൂട്ടക്കൊലക്കാരെയും സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന ഒരു രാജ്യത്തോട് ഞാന്‍ സഹതപിക്കുന്നു

10 October 2010

കേരള മുസ്‌ലിമിന്റെ വഴി


വഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും

 മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ

 ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്.

 ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത്

 വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.


മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)