മതേതരത്വത്തിന് മാതൃകയായിരുന്ന മലയാളനാട് മതസംഘര്‍ഷം മറനീക്കുന്ന മരുഭൂമിയായി മാറുന്നതിലുള്ള വ്യഥ പ്രകടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ നേതാവായി ലോകം അംഗീകരിക്കുന്ന എ.കെ. ആന്റണി ഇത്തവണ കേരള സന്ദര്‍ശനം ശ്രദ്ധേയമാക്കിയത്. ഭ്രാന്തനായ കഥാപാത്രത്തിന് പേര് കൊടുക്കണമെങ്കില്‍ പ്രവാചകന്റെ പേരിന്റെ തത്ഭവം തന്നെ ഉപയോഗിക്കണം എന്ന ചിന്ത തെറ്റല്ല എന്നതിനാല്‍ ചെയ്യാത്ത തെറ്റിന് മാപ്പ് ചോദിക്കയില്ല എന്ന് എമ്മേ ബേബിയുടെയും രാജന്‍ഗുരുക്കളുടെയും പിന്തുണയില്‍ അഭിരമിച്ച് പ്രഖ്യാപിക്കുന്ന പ്രഫസര്‍ ടി.ജെ. ജോസഫിനെയും ജോസഫിനെ ആക്രമിച്ച യുവാക്കളെയും രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന് മതത്തെ ദുരുപയോഗപ്പെടുത്തുന്നവരെയും ഇതൊക്കെ കണ്ട് ഇതികര്‍ത്തവ്യതാമൂഢരായി ഭവിക്കുന്ന സാധാരണക്കാരനെയും പിടിച്ചുനിര്‍ത്തേണ്ടതാണ് ആന്റണിയുടെ പ്രസ്താവന.
തൊടുപുഴയില്‍ ജോസഫ്‌സാര്‍ ഒരു ചോദ്യക്കടലാസ് നിര്‍മിച്ചു. ആ ചോദ്യങ്ങളില്‍ ഒന്നിനുവേണ്ടി പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഒരു കൃതിയില്‍ നിന്ന് ഒരുഭാഗം ഉദ്ധരിച്ചു. ഒരു ഖണ്ഡിക സ്വയം എഴുതിതയാറാക്കാന്‍ വേണ്ട മസ്തിഷ്‌ക്കബലം ഇല്ലാഞ്ഞിട്ടോ തിരക്കിനിടയില്‍ കുറുക്കുവഴി തേടിയിട്ടോ ആവാം താരതമ്യേന അശ്രദ്ധാലംകൃതമായ ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചത്. അവിടെയും നിന്നില്ല പ്രഫസര്‍. ഭ്രാന്തന് പേരിടാതെ ഇരിക്കപ്പൊറുതിയില്ല. ശരി, സാരമില്ല. കുഞ്ഞാലിക്കുട്ടിയെന്നോ ഉമ്മന്‍ചാണ്ടിയെന്നോ ഒക്കെ പേരുകള്‍ ലഭ്യമായിരുന്നിരിക്കെ മമ്മദ് എന്ന പേരുതന്നെ ഇട്ടുകൊടുത്തത് ഗ്രന്ഥകര്‍ത്താവിനെ ഓര്‍ത്തിട്ടാണ് എന്ന ഭാഷ്യം തീരെ വിശ്വാസ്യമല്ല എന്ന് പറയാതെ വയ്യ.
ഇവിടെ തുടങ്ങുന്ന സംശയം നിശ്ചയ
മായി മാറുന്നത് ഡി.ടി.പി ഓപറേറ്റര്‍ അപകടം മണത്തിട്ടും അധ്യാപകന് മണം കിട്ടിയില്ല എന്ന കാര്യം പരിഗണിക്കുമ്പോഴാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തു എന്ന് മക്കള്‍ക്ക് പേരിടാറില്ല. മുസ്‌ലിംകള്‍ മഹമ്മദ് എന്നും ഹിന്ദുക്കള്‍ കൃഷ്ണന്‍ എന്നും പേരിടാറുണ്ട്. അതുകൊണ്ട് ഒരു സാധാരണ മുസ്‌ലിംനാമം എന്നേ കരുതിയുള്ളൂ എന്നാണ് വാദമെങ്കില്‍ ഇത്ര നിരുത്തരവാദപരമായ സാമൂഹ്യപരിപ്രേക്ഷ്യം കൊണ്ട് നടക്കുന്നയാള്‍ ഗുരുവന്ദനത്തിന് യോഗ്യനല്ല എന്ന് തിരിച്ചും പറയേണ്ടിവരും.
ഇറച്ചിവെട്ടുകാരന് പേരിടുന്നതില്‍ സാമകാലബദ്ധമായ സാമൂഹ്യബോധം ആവശ്യപ്പെടുന്ന ഔചിത്യം പാലിക്കാനാവാത്തയാള്‍ സര്‍വകലാശാലാവിദ്യാര്‍ഥികളെ സാഹിത്യം പഠിപ്പിക്കാന്‍ തീര്‍ത്തും അയോഗ്യനാണ്. അതോ മാനേജ്‌മെന്റിനെ ഒരു പാഠം പഠിപ്പിക്കാമെന്ന വിപരീതബുദ്ധി തോന്നിയ വിനാശകാലത്താണോ ഈ പരിപാടി അരങ്ങേറിയത്? രണ്ടായാലും ഒരു യു.ജി.സി ഗുരുവിന് യോജിച്ചതായില്ല പ്രവൃത്തി. മറ്റാരോ നിയമം കൈയിലെടുത്തു എന്നത് ജോസഫ്‌സാറിന്റെ കുറ്റത്തിന്റെ ഗൗരവം തെല്ലും കുറക്കുന്നില്ല. ശിക്ഷ റിട്ടയര്‍മെന്റാക്കണം, ചികില്‍സാച്ചെലവ് രൂപത വഹിക്കണം എന്നൊക്കെ ഞാനും പറയും. എന്നാല്‍ ഈ വിദ്വാനെ ഇനി പള്ളിക്കൂടം പറമ്പില്‍ പഠിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ല. എന്നല്ല അനുവദിക്കാവുന്നതല്ല. ആള്‍ പിശകാണ്.
മതസംഘര്‍ഷത്തിലേക്ക് നയിക്കാവുന്നതൊന്നും അത് എത്ര വിദൂരമോ പരോക്ഷമോ ആയിരുന്നാലും പൊതുസമൂഹത്തില്‍ ഇടം കാണരുത് എന്ന സാമാന്യ നിയമം ചെറുതും വലുതും ആയ കാര്യങ്ങളില്‍ നാം ഓരോരുത്തരും പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് തൊടുപുഴ സംഭവം തെളിയിക്കുന്നത്. ജോസഫ് മാസ്റ്ററെ ആക്രമിച്ചവര്‍ എന്റെ ജന്മദേശത്തിന്റെ ചുറ്റുവട്ടത്തുള്ളവരാണ് എന്നറിയുന്നത് എന്നെ ദുഃഖിപ്പിക്കുന്നു. ടി.ഒ. ബാവയുടെയും മജീദ് മരക്കാറിന്റെയും പ്രഫ. പി. മീരാക്കുട്ടിയുടെയും അല്‍പം മുന്‍കോപം ഉണ്ടെങ്കിലും മതസൗഹാര്‍ദത്തില്‍ മുമ്പനായ പെരുമ്പാവൂര്‍കാര്‍ മുത്ത് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ടിയെച്ച് മുസ്തഫയുടെയും ഒക്കെ നാട്ടില്‍ ജനിച്ചുവളര്‍ന്നവരാണല്ലോ ഈ അനിയന്മാര്‍. അതേസമയം കുറ്റം അവരുടേത് മാത്രമല്ല എന്ന് നിരീക്ഷിക്കാതെ വയ്യതാനും. ചെറിയ യാദൃച്ഛികതകളെ വലിയ ഗൂഢാലോചനകളായി അവതരിപ്പിക്കുന്ന പ്രവണത മാധ്യമങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമായിരിക്കുന്നു. അതുകണ്ട് വളരുന്ന യുവത്വം ക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണത്തിന് അരുതാത്ത വഴികളില്‍ ചെന്നുപെടുന്നു. ഇതിനെ തടയാന്‍ ഗുരുസ്ഥാനീയര്‍ക്ക് കഴിയാതെ പോവുന്നു.
വിശുദ്ധ ഖുര്‍ആന്‍ എനിക്ക് അപരിചിതമല്ല. അന്ധമായ അക്രമത്തിനുള്ള ആഹ്വാനം എവിടെയും കാണുന്നില്ല ആ താളുകളില്‍. അതിലേക്ക് വരുമ്മുമ്പേ പറയട്ടെ, പ്രവാചകനിന്ദ എന്നുപറഞ്ഞ് പ്രതികാരത്തിനിറങ്ങുന്നത് മനുഷ്യന്റെ അഹങ്കാരമാണ് എന്നാണ് എന്റെ പക്ഷം. എന്നെ ആശ്രയിച്ചുകഴിയുന്ന ഒരാളെ ഞാന്‍ സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ എന്നെ സംരക്ഷിച്ചുകൊണ്ടുനടക്കുന്ന ഒരാളുടെ രക്ഷാകര്‍തൃത്വം ഞാന്‍ ഏറ്റെടുക്കുന്നത് അഹങ്കാരമാണ്. ഡാന്‍ ബ്രൗണ്‍ ഒരു നോവലെഴുതിയാല്‍ തകരുന്നതാവരുത് എന്റെ വിശ്വാസം. 'യേശുക്രിസ്തു പെണ്ണുകെട്ടി മക്കളെ ജനിപ്പിച്ചു' എന്ന് ഏതോ വിവരംകെട്ട സായ്‌വ് എഴുതിവെക്കുന്നത് എന്റെ കാഴ്ചപ്പാടില്‍ അപ്രസക്തമാണ്. പി.എം. ആന്റണിയുടെ നാടകത്തെ എതിര്‍ത്ത് ഹൈകോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തത് അതിലെ ക്രിസ്തുവിരോധം കൊണ്ടല്ല, വിവരക്കേടിനെ കസന്‍ദ്‌സാക്കീസിന്റെ പുറംകുപ്പായത്തില്‍ ഒളിപ്പിച്ചത് അസ്വീകാര്യമായതിനാലാണ്. എന്റെ ദൈവം എന്നെ സംരക്ഷിക്കുന്നവനാണ്. അവന് എന്റെ സംരക്ഷണം ആവശ്യമില്ല. ഉണ്ട് എന്ന് ഞാന്‍ ഭാവിച്ചാല്‍ അത് അഹങ്കാരമായിരിക്കും. ഡെന്മാര്‍ക്കില്‍ ഒരു വിവരദോഷി പ്രവാചകനെ ചിത്രീകരിക്കയോ പരിഹസിക്കയോ ചെയ്താല്‍ ദുഃഖം തോന്നുക സ്വാഭാവികം; അതിന്റെ പേരില്‍ ഇറാഖിലെ ഒരു വൃദ്ധവൈദികനെയോ സുഡാനിലെ ശതാഭിഷിക്തയായ കന്യാസ്ത്രീയെയോ വധിച്ചാല്‍ അവരെയും സൃഷ്ടിച്ച സര്‍വശക്തന് ദുഃഖം തോന്നും.
അതിരിക്കട്ടെ. അത് ഒരു പരിപ്രേക്ഷ്യം. വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. ജോസഫിന്റെ കൈ വെട്ടിയത് തെറ്റാണ്, എന്നാല്‍ അത് ചെയ്തവരെ കുട്ടിക്കാലത്ത് പഠിപ്പിച്ച അധ്യാപകരാണ് ആദ്യം ആത്മപരിശോധന നടത്തേണ്ടത്. ജിഹാദ് സായുധപോരാട്ടം മാത്രമാണ് എന്ന് ധരിക്കുന്ന മുസല്‍മാന്‍ പ്രവാചകന്റെ ഉപദേശം ഉള്‍ക്കൊള്ളാത്തവനാണ് എന്ന് എന്റെ വായന എന്നെ ഉണര്‍ത്തുന്നു. നബിതിരുമേനിയുടെ അവസാനവ്യാഴവട്ടം അവിടുന്ന് ഒരു യുദ്ധവും ചെയ്തില്ല. എങ്കിലും അക്കായലയളവിലും അദ്ദേഹം ജിഹാദില്‍ വ്യാപൃതനായിരുന്നു എന്നാണല്ലോ നാം വായിക്കുന്നത്. 'വസ്ത്രം വിറ്റ് വാള്‍വാങ്ങട്ടെ' എന്നൊരു പ്രസ്താവം യേശുക്രിസ്തുവിന്‍േറതായി ലൂക്കോസിന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് സായുധസമരത്തിനുള്ള ആഹ്വാനമാണ് എന്ന് വ്യാഖ്യാനിച്ചുകൂടാ. അതായത് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വേദം ഓതിക്കൊടുക്കുന്നവരുടെ ചുമതലയാണ് മതം അക്രമം അനുശാസിക്കുന്നില്ല എന്ന് പഠിപ്പിക്കുക എന്നത്.
അല്‍കാഫിറൂന്‍ സൂക്തങ്ങള്‍ നോമ്പിന്റെ കാലത്ത് - ചുരുങ്ങിയത് അവസാനരാവുകളിലെങ്കിലും - നിത്യവും ഉരുക്കഴിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇതര മതവിരോധം ഉണ്ടാവുക? 'നിങ്ങള്‍ ആരാധിക്കുന്നവരെ ആരാധിക്കുന്നവനല്ല ഞാന്‍, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല; നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്നത് വിസ്മരിക്കുന്നത് പ്രവാചകനിന്ദക്ക് സമാനമാണ്. ലോകത്തില്‍ ബഹുസ്വരത വിധികല്‍പിതമാണ്. തോവാളയില്‍ രണ്ടുതരം പൂന്തോട്ടങ്ങളുണ്ട്. ഒരേ ഇനം മാത്രം വളര്‍ത്തുന്നതും പലതും വളര്‍ത്തുന്നതും. ഒരിടത്ത് ജമന്തിയെങ്കില്‍ ജമന്തി മാത്രം, മുല്ലയെങ്കില്‍ മുല്ല മാത്രം. നല്ല ഭംഗിയാണ് കാണാന്‍. അതു പോലെ തന്നെ ഭംഗിയാണ് അതേ തമിഴന്റെ മറ്റേ തോട്ടവും: അവിടെ ജമന്തിയും മുല്ലയും മറ്റനവധി പുഷ്പങ്ങളും ഒത്തുനിന്ന് മന്ദമാരുതനില്‍ ഇളകിയാടി വര്‍ണവിസ്മയം തീര്‍ക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ 11:118 പറഞ്ഞുതരുന്നതും മറ്റൊന്നല്ല. 'നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു.' അതായത് പല സമുദായങ്ങള്‍ ഉണ്ടായിരിക്കുന്നതും നിലനില്‍ക്കുന്നതും സര്‍വശക്തന്‍ അറിഞ്ഞുതന്നെ ആണ്. ഭാഷയിലും വര്‍ണങ്ങളിലും ഉള്ള വൈവിധ്യവും ബഹുസ്വരതയുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തുകാട്ടുന്നുമുണ്ട്.
അതിക്രമം ഈശ്വരന്‍ ഇഷ്ടപ്പെടുന്നില്ല. അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരാണ് എന്ന് 30:29 സുവ്യക്തമായി പറയുന്നുണ്ടല്ലോ. 'മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞിരിക്കുന്നു. ഈശ്വരയിതര ശക്തികളെ നിഷേധിക്കുകയും സര്‍വശക്തനില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ മുറുകെ പിടിച്ചിരിക്കുന്ന കയര്‍ ഉറപ്പുള്ളതും അറ്റുപോകാത്തതുമാണ്' എന്ന് മദീനയില്‍ അവതരിച്ച അല്‍ബഖറയും പഠിപ്പിക്കുന്നു.
ഭാരതം പോലെ മതബഹുലവും ബഹുസ്വരതയാര്‍ന്നതും ആയ സമൂഹത്തില്‍ മതവിശ്വാസികള്‍ മതപഠനത്തിലും ഗുരുവചനത്തിലും എല്ലാം ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ഇതാണ്: സ്വന്തം മതത്തെ ജീവന് തുല്യം സ്‌നേഹിക്കുക, ഒപ്പം അപരന്റെ മതത്തെ ജീവന് തുല്യം സ്‌നേഹിക്കുവാന്‍ അവനുള്ള അവകാശം തിരിച്ചറിഞ്ഞ് അന്യമതങ്ങളെ ബഹുമാനിക്കുക. സ്വമതത്തെ സ്‌നേഹിക്കുക തന്നെ വേണം. എന്നാല്‍ അത് ഇതര മതങ്ങളെ വെറുത്തുകൊണ്ടാകരുത്. നമ്മുടെ വേദവേദാന്തപാഠശാലകളിലും സണ്ടേസ്‌കൂളുകളിലും മദ്രസകളിലും സഹിഷ്ണതയുടെ ഈ മഹാസന്ദേശം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കിട്ടുമാറാകട്ടെ, ആമീന്‍.
No comments:
Post a Comment